തിരുവനന്തപുരം: തൊട്ടതെല്ലാം പൊന്നാക്കി സ്പോര്‍ട്സ് സ്കൂളുകളുടെ വിഭാഗത്തില്‍ സമഗ്ര ആധിപത്യവുമായി തിരുവനന്തപുരം ജിവി രാജ ചാമ്പ്യന്മാര്. ഏഴു സ്വര്‍ണവും ആറു വെള്ളിയും നാലു വെങ്കലവുമായി 57 പോയിന്റോടെയാണ് ജിവി രാജയുടെ കുതിപ്പ്.
ജിവി രാജ താരങ്ങളുടെ പ്രകടനത്തില്‍ ഏറ്റവും മികച്ചു നില്‍ക്കുന്നത് ജൂണിയര്‍ ആണ്‍കുട്ടികളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ശ്രീഹരി കരിക്കന്‍ റിക്കാര്‍ഡോടെ സ്വര്‍ണത്തില്‍ മുത്തമിട്ടതാണ്. 54.24 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്തായിരുന്നു ശ്രീഹരിയുടെ റിക്കാര്‍ഡ് കുതിപ്പ്. ജൂണിയര്‍ പെണ്‍കുട്ടികളുടെ ലോംഗ്ജംപിലും ഹൈജംപിലും 400 മീറ്ററിലും ശ്രീനന്ദ സ്വര്‍ണത്തിന് അവകാശിയായി.
ജൂണിയര്‍ ആണ്‍കുട്ടികളുടെ ട്രിപ്പിള്‍ജംപില്‍ ഇ. രോഹിത്ത്, 1500 മീറ്ററില്‍ എ. ശിവപ്രസാദ്, സീനിയര്‍ ആണ്‍കുട്ടികളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ മുഹമ്മദ് മൂസ എന്നിവരും സ്വര്‍ണനേട്ടത്തിന് അവകാശികളായി.
ആതിഥേയ ജില്ലയ്ക്ക് അത്ലറ്റിക്സില് മെഡല്‍ നേട്ടം നല്കുന്നതില് പ്രധാന പങ്ക് ജിവി രാജയുടെ താരങ്ങളില്‍ നിന്നായിരുന്നു. ആര്. ആതിദേവ്, കെ.പി.വി. അശ്വന്ത്, ബി. അനന്ദന്, എ. ശിവപ്രസാദ് എന്നിവരിലൂടെ ജിവിരാജ വെള്ളി നേടി.
പി.പി. ശിഖ, എ. ശിവപ്രസാദ്, ബി. അനന്ദന് എന്നിവര്‍ വെങ്കലവും സ്വന്തമാക്കി ജിവി രാജയുടെ ചാമ്പ്യന്‍ പട്ടത്തിന് പിന്തുണയേകി. 49 കായികതാരങ്ങളാണ് ജിവി രാജയില്‍ നിന്നും സംസ്ഥാന സ്കൂള്‍ മീറ്റില്‍ പോരാട്ടത്തിനിറങ്ങിയത്.
അത്ലറ്റിക്സില് ആതിഥേയ ജില്ല ആകെ നേടിയത് 69 പോയിന്റായിരുന്നു. അതില്‍ 57ഉം ജിവിരാജയുടെ വക. സ്പോര്‍ട്സ് സ്കൂള്‍ വിഭാഗത്തില്‍ സിഎസ്എച്ച് വയനാട,് കൊല്ലം സായ് എന്നിവ എട്ടു പോയിന്റുകള്‍ സ്വന്തമാക്കി രണ്ടാം സ്ഥാനത്ത് എത്തി.